അധികാര കേന്ദ്രങ്ങളില്‍ ജനങ്ങളുടെ ശബ്ദമായും തിരുത്തല്‍ ശക്തിയായും പതിറ്റാണ്ടുകള്‍ പോരാട്ടം നയിച്ച പ്രഫഷണലുകളായ സാമൂഹ്യ പ്രവര്‍ത്തകരാണ് മാധ്യമപ്രവര്‍ത്തകര്‍. വാര്‍ത്തകളും പൊതുവിശേഷങ്ങളും ജനങ്ങളെ അറിയിക്കുക മാത്രമല്ല അവര്‍ ചെയ്തത്. ജനങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും അഴിമതിയും ജനദ്രോഹ നടപടികളും അടക്കമുള്ളവയെ ചെറുത്ത് സമൂഹത്തെ മുന്നോട്ടു നയിച്ചവരാണവര്‍
ജോലിയില്‍നിന്നു വിരമിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിലനിര്‍ത്തേണ്ടതു സാമൂഹിക ഉത്തരവാദിത്വമാണ്. അതു തിരിച്ചറിഞ്ഞുകൊണ്ടാണ് 2010 ല്‍ സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള എന്ന പ്രസ്ഥാനത്തിനു രൂപം നല്‍കിയത്. രാജ്യത്ത് ആദ്യമായാണ് വിരമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു സംഘടന രൂപമെടുത്തത്. മാധ്യമപ്രവര്‍ത്തനത്തില്‍ മാത്രമല്ല, കേരള പത്രപ്രവര്‍ത്തക യൂണിയന്‍, പ്രസ് ക്ലബുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി സമൂഹത്തിനു വലിയ സംഭാവനകള്‍ ചെയ്തവരുടെ സര്‍ഗശേഷിയും കര്‍മശേഷിയും നേതൃപാടവവുമെല്ലാം വിസ്മരിക്കാവുന്നതല്ല.
വിരമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കായി ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഒരുക്കുകയെന്നതുതന്നെയാണ് ഈ പ്രസ്ഥാനത്തിന്റെ മുഖ്യലക്ഷ്യം. വളരെ തിരക്കിട്ട ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിക്കുന്നതോടെ ഒറ്റപ്പെട്ടുപോയെന്ന തോന്നല്‍ ഇല്ലാതാക്കുകയും കൂട്ടായ്മ വളര്‍ത്തുകയുമാണ് മറ്റൊരു ലക്ഷ്യം. പെന്‍ഷന്‍, ചികില്‍സാ ഇന്‍ഷ്വറന്‍സ്, സഹായനിധി, ഉല്ലാസയാത്ര എന്നിങ്ങനെയുള്ള ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകരുകയാണ് ഈ പ്രസ്ഥാനം.
സമര പോരാട്ടങ്ങളെക്കാള്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ ക്ഷേമത്തിന് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം -കേരള. എന്നാല്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ അവകാശ സംരക്ഷണത്തിനു നയരൂപീകരണ വിദഗ്ധരടങ്ങുന്ന വേദികളില്‍ ചര്‍ച്ച ഒരുക്കുകയും സമര രംഗത്തിറങ്ങുകയും ചെയ്യേണ്ടിവന്നിട്ടുണ്ട്. പൊതുസമൂഹത്തിലെ നേതൃസ്ഥാനങ്ങളിലുള്ളവരുമായുള്ള വട്ടമേശ സമ്മേളനങ്ങള്‍, ഭീമഹര്‍ജി എന്നിവ മാത്രമല്ല, നീതിക്കായുള്ള നിയമസഭാ മാര്‍ച്ച് അടക്കമുള്ള സമര പരിപാടികളും ഐതിഹാസിക വിജയമായി. ബജറ്റില്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാകാത്തതില്‍ പ്രതിഷേധിച്ച് 2022 ജൂലൈ ആറിനു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ നിയമസഭയിലേക്കു നടത്തിയ മാര്‍ച്ച് സുപ്രധാന സമരമായിരുന്നു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ അടിയന്തര ആവശ്യങ്ങള്‍ അടങ്ങിയ ഭീമഹര്‍ജി 2024 മാര്‍ച്ച് 14 നു മുഖ്യമന്ത്രി പിണറായി വിജയന് ഫോറം പ്രസിഡന്റ് എ. മാധവന്‍, ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍ എന്നിവര്‍ അടക്കമുള്ള നേതാക്കള്‍ കൈമാറി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആരോഗ്യ പരിരക്ഷാ പദ്ധതിയില്‍ പത്രപ്രവര്‍ത്തകരേയും പങ്കാളികളേയും ഉള്‍പെടുത്തണം, പെന്‍ഷന്‍ എല്ലാ മാസവും ആദ്യവാരത്തില്‍ വിതരണം ചെയ്യണം, കെട്ടിക്കിടക്കുന്ന പെന്‍ഷന്‍ ഫയലുകളില്‍ ഉടനേ തീര്‍പ്പുണ്ടാക്കണം, കുടുംബ പെന്‍ഷന്‍ വര്‍ധിപ്പിക്കണം, പകുതി പെന്‍ഷന്‍ മുഴുവന്‍ പെന്‍ഷനായി വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഭീമഹര്‍ജി നല്‍കിയത്.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള സാമൂഹിക പിന്തുണ മെച്ചപ്പെടുത്താന്‍ 2024 ല്‍ തിരുവനന്തപുരത്തും കോഴിക്കോടും വട്ടമേശ സമ്മേളനങ്ങള്‍ നടന്നു. സെപ്റ്റംബര്‍ നാലിനു ട്രിവാന്‍ഡ്രം ഹോട്ടലില്‍ നടന്ന യോഗത്തില്‍ ടി.പി. ശ്രീനിവാസന്‍, എം.ജി. രാധാകൃഷ്ണന്‍, ആര്‍.എസ്. ബാബു, എം.പി. അച്യുതന്‍ എക്‌സ് എംപി, അഡ്വ. കെ. പ്രകാശ്ബാബു, ആര്‍. കിരണ്‍ ബാബു, ഫോറം പ്രസിഡന്റ് എ. മാധവന്‍, പ്ലാനിംഗ് കമ്മീഷന്‍ അംഗമായിരുന്ന ജി. വിജയരാഘവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വട്ടമേശ സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ അടിയന്തര ആവശ്യങ്ങളും അടങ്ങിയ ഫയല്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഫോറം ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍ കൈമാറി.
2024 ഓഗസ്റ്റ് മാസത്തില്‍ കോഴിക്കോടു നടന്ന സൗഹൃദസംഗമവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ സമൂഹ നേതൃത്വവുമായി പങ്കുവയ്ക്കുന്നതായിരുന്നു. സൗഹൃദസംഗമം ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു സംഘടന എന്ന ആശയം മുന്നോട്ടുവച്ചത് പി.പി.കെ. ശങ്കറാണ്. കെ.പി. തിരുമേനി, മുഹമ്മദ് സലീം ദീര്‍ഘകാലം സംഘടനയുടെ സെക്രട്ടറിയും പിന്നീടു പ്രസിഡന്റുമായ എ. മാധവന്‍ എന്നിവരുമായി കൂടിയാലോചിച്ചു. കെ.എം. റോയ്, പി.എന്‍. പ്രസന്നകുമാര്‍ എന്നിവരുടെ ഉപദേശം തേടി. 2010 ഏപ്രില്‍ പത്തിന് കൊച്ചിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ യോഗം എറണാകുളം മാസ് ഹോട്ടലില്‍ നടന്നു. കെ.എം. റോയിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗമാണ് സംസ്ഥാന തലത്തില്‍ സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം - കേരള എന്ന സംഘടന രൂപീകരിക്കാന്‍ തീരുമാനമെടുത്തത്. ഇതേത്തുടര്‍ന്ന് 2010 മേയ് 15 ന് എറണാകുളം മാസ് ഹോട്ടലില്‍ പ്രഥമ സംസ്ഥാന കണ്‍വന്‍ഷന്‍ നടന്നു.
കെ.എം. റോയ് രക്ഷാധികാരിയും വിതുര ബേബി പ്രസിഡന്റും കെ.എസ്. മൊഹിയുദീന്‍ ജനറല്‍ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. എം. അബ്ദുറഹ്‌മാന്‍, പി.എ. അലക്‌സാണ്ടര്‍ - വൈസ് പ്രസിഡന്റുമാര്‍, എ. മാധവന്‍- ട്രഷറര്‍, വി. അശോകന്‍, പി. ഗോപാലകൃഷ്ണന്‍, രവി കുറ്റിക്കാട്, കെ.ഒ. ഷുഹൈബ് എന്നിവര്‍ മേഖലാ സെക്രട്ടറിമാരുമായി.
2011, 2012, 2013, 2018 വര്‍ഷങ്ങളില്‍ എറണാകുളത്തും 2014 ലും 2024 ലും തൃശൂരിലും 2015 ലും 2022 ലും കോഴിക്കോട്ടും 2016 ല്‍ കോട്ടയത്തും 2017 ല്‍ തിരുവനന്തപുരത്തും 2019 ല്‍ ആലപ്പുഴയിലും സംസ്ഥാന സമ്മേളനങ്ങള്‍ നടന്നു. കോവിഡ് കാലമായിരുന്ന 2020, 2021 വര്‍ഷങ്ങളില്‍ സമ്മേളനങ്ങള്‍ നടന്നില്ല.
സംഘടനയ്ക്കു നേതൃത്വം നല്‍കി യശശരീരായ മുന്‍ രക്ഷാധികാരി കെ.എം. റോയി, മുന്‍ പ്രസിഡന്റുമാരായ സി.ആര്‍. രാമചന്ദ്രന്‍, വി. പ്രതാപചന്ദ്രന്‍ എന്നിവരുടെ സ്മരണാര്‍ത്ഥം വിപുലമായ അനുസ്മരണ സമ്മേളനങ്ങള്‍ നടത്താറുണ്ട്. സംഘടനയുടെ ജില്ലാ കമ്മിറ്റികള്‍ക്കു കീഴില്‍ കൊല്ലത്ത് സി.ആര്‍. രാമചന്ദ്രന്‍ ഫൗണ്ടേഷനും എറണാകുളത്ത് കെ.എം. റോയി ട്രസ്റ്റുമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.